Friday, January 24, 2025
Kerala

വിജിലൻസ് പരിശോധനക്കിടെ മുങ്ങിയ ഡിവൈഎസ്പി വേലായുധൻ നായർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: വിജിലൻസ് പരിശോധനക്കിടെ മുങ്ങിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ. വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈഎസ്പി വേലായുധൻ നായരെ ആണ് സസ്പെന്റ് ചെയ്തത്.

വിജിലൻസ് പരിശോധനക്കിടെ അഴിമതിക്കേസിൽ പ്രതിയായ ഡിവൈ.എസ്പി വീട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. പരിശോധന നടക്കുന്നതിനിടെ വീട്ടിൻ്റെ പിന്നിലൂടെയാണ് രക്ഷപ്പെട്ടത്. വേലായുധന്റെ ഫോണും ബാങ്ക് രേഖകളും കഴിഞ്ഞ ദിവസം വിജിലൻസ് പിടിച്ചെടുത്തിരുന്നു. അഴിമതിക്കേസ് അട്ടിമറിക്കാൻ 50,000 പ്രതിയിൽ നിന്നും ഡിവൈഎസ്പി കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.

നാരായണന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാൻ കൈക്കൂലി നൽകിയതിന്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 നാരായണൻ കൈമാറി‌. സ്വത്ത് സമ്പാദന കേസ് തുടരന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *