Thursday, January 9, 2025
Kerala

അങ്കണവാടികളിൽ കുട്ടികൾക്ക് മോര്, നാരങ്ങാവെള്ളം എന്നിവ കൊടുക്കണം; പുതിയ മാർഗനിർദേശവുമായി ആരോഗ്യ മന്ത്രി

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം. കുട്ടികൾക്ക് ധാരാളം വെള്ളം കൊടുക്കണം. കുട്ടികളെ ചൂട് അധികമേൽക്കാത്ത സ്ഥലങ്ങളിൽ ഇരുത്തണം.

മറ്റ് നിർദേശങ്ങൾ ഇങ്ങനെ :

· അങ്കണവാടികളിലെ കുട്ടികളെ രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയുള്ള സമയത്ത് അങ്കണവാടിയുടെ പുറത്തുള്ള പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുവാൻ പാടുള്ളതല്ല
· അങ്കണവാടിക്കുള്ളിൽ വായു സഞ്ചാരം ഉറപ്പുവരുത്തേണ്ടതാണ്.
· കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
· കുട്ടികൾക്ക് നൽകുന്ന വെള്ളം തിളപ്പിച്ചാറ്റിയതാണെന്ന് ഉറപ്പ് വരുത്തണം.
· കുട്ടികൾക്ക് ഉപ്പിട്ട കഞ്ഞിവെള്ളം നാരങ്ങാവെള്ളം മോരുവെള്ളം എന്നിവ നൽകുക.
· കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ പഴവർഗങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.
· ഫാൻ സൗകര്യമില്ലാത്ത അങ്കണവാടികളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അവ ലഭ്യമാക്കുന്നതിന് ശിശുവികസന ഓഫീസർമാർ നടപടി സ്വീകരിക്കേണ്ടതാണ്.
· കഴിവതും ഇളംനിറമുള്ള അയവുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിച്ച് കുട്ടികളെ അങ്കണവാടിയിൽ എത്തിക്കുന്നതിന് രക്ഷിതാക്കളോട് നിർദ്ദേശിക്കേണ്ടതാണ്.
· പുറത്തിറങ്ങുമ്പോൾ കുട, വെള്ള കോട്ടൻ തൊപ്പി മുതലായവ ഉപയോഗിക്കുന്നതിന് നിർദ്ദേശിക്കണം.
· ചെരുപ്പ് ഇടാതെ നടക്കരുതെന്ന് കുട്ടികളോട് നിർദ്ദേശിക്കുക.
· ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
· ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
· അങ്കണവാടികളിലും പരിസരത്തും തണുപ്പ് തേടിക്കിടക്കുന്ന ഇഴജന്തുക്കൾ ഇല്ലായെന്ന് ഉറപ്പ് വരുത്തണം.
· എല്ലാ അങ്കണവാടികളിലും ദിശ നമ്പരും (1056, 104), തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ നമ്പരും പ്രദർശിപ്പിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *