Saturday, October 19, 2024
National

Z പ്ലസ് സുരക്ഷ, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം; പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന ജമ്മു കശ്മീര്‍ ഭരണകൂടത്തെ കബളിപ്പിച്ചയാൾ അറസ്റ്റിൽ. ഗുജറാത്ത് സ്വദേശിയായ കിരൺ പട്ടേലിനെ മാർച്ച് 3 ന് ശ്രീനഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. Z പ്ലസ് സുരക്ഷയിൽ ബുള്ളറ്റ് പ്രൂഫ് കാർ, പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം തുടങ്ങി വൻ സൗകര്യങ്ങളാണ് വ്യാജനാണെന്ന് അറിയാതെ ഇയാൾക്കായി ഭരണകൂടം ഒരുക്കി നൽകിയത്.

പ്രധാനമന്ത്രിയുടെ ഓഫീസിലെ നയരൂപീകരണ-പ്രചാരണ വിഭാഗം അഡീഷണല്‍ ഡയറക്ടർ എന്ന് സ്വയം വിശേഷിപ്പിച്ചായിരുന്നു തട്ടിപ്പ്. മാസങ്ങളായി ആള്‍മാറാട്ടം നടത്തി വരികയായിരുന്ന കിരണ്‍ പട്ടേലിനെ, 10 ദിവസം മുന്‍പാണ് ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞദിവസം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷമാണ് വിവരം പുറത്തുവിട്ടത്.

ഫെബ്രുവരിയിലാണ് ഇയാൾ ആദ്യമായി താഴ്‌വരയിലെത്തിയത്. ശ്രീനഗര്‍ സന്ദര്‍ശനത്തിനിടെ ഇയാള്‍ ഔദ്യോഗിക ചര്‍ച്ചകളിലുള്‍പ്പെടെ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. ഗുജറാത്തില്‍ നിന്ന് കൂടുതല്‍ വിനോദ സഞ്ചാരികളെ ജമ്മു കശ്മീരിലേക്ക് ആകര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകളാണ് ഇയാള്‍ ആദ്യ വരവില്‍ നടത്തിയത്. ശ്രീനഗറിലേക്ക് നടത്താനിരുന്ന രണ്ടാമത്തെ യാത്രയാണ് കിരണ്‍ ഭായ് പട്ടേലിനെ സംശയത്തിന്റെ നിഴലിലാക്കിയത്.

കളക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ജമ്മു ഭരണകൂടത്തെ വഞ്ചിക്കുകയായിരുന്നെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഗുജറാത്ത് പൊലീസിന്റെ സഹായത്തോടെയാണ് ജമ്മു കശ്മീര്‍ പൊലീസ് കിരണ്‍ ഭായ് പട്ടേലിനെ ശ്രീനഗറിലെ ഹോട്ടലില്‍ നിന്ന് പിടികൂടി. ട്വിറ്ററിൽ ഒരു വെരിഫൈഡ് അക്കൗണ്ടും ഇയാൾക്കുണ്ട്. ഫോളോവേഴ്സ് ലിസ്റ്റില്‍ ഗുജറാത്ത് ബിജെപി ജനറല്‍ സെക്രട്ടറി പ്രദീപ് സിങ് വഗേല അടക്കമുള്ള പ്രമുഖരുമുണ്ട്.

“ഔദ്യോഗിക സന്ദർശനം” എന്ന് തലക്കെട്ടിൽ ചില വീഡിയോകളും ഇയാൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. പൊലീസ് അകമ്പടിയുമായി വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെ വീഡിയോയും അര്‍ധ സൈനിക വിഭാഗത്തിന്റെ അകമ്പടിയോടെ നില്‍ക്കുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിർജീനിയയിലെ കോമൺവെൽത്ത് സർവകലാശാലയിൽ നിന്ന് പിഎച്ച്‌ഡിയും ഐഐഎമ്മിൽ നിന്ന് എംബിഎയും നേടിയതായി പട്ടേലിന്റെ ട്വിറ്റർ ബയോ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published.