Thursday, January 23, 2025
Kerala

‘കോമാ’ സഖ്യത്തെ ജനങ്ങൾ കോമയിലാക്കി’; നരേന്ദ്രമോദിക്കുള്ള ജന പിന്തുണയാണ് വൻ വിജയത്തിന് പിന്നിൽ: കെ.സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പിന്തുണയുടെ തെളിവാണ് ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ എൻഡിഎയുടെ ഉജ്ജ്വല വിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിനും സിപിഐഎമ്മിനുമുള്ള കനത്ത തരിച്ചടിയാണ് ത്രിപുര തിരഞ്ഞെടുപ്പ് ഫലം.

കോമാ സഖ്യത്തെ ജനങ്ങൾ കോമയിലാക്കിയെന്നും ആലുവയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പരിഹസിച്ചു. മധുവിധു ആഘോഷിക്കും മുമ്പേ തകർന്ന ദാമ്പത്യം പോലെയായി കോൺഗ്രസ്- സിപിഐഎം സഖ്യം. കെഎൻ ബാലഗോപാലിനെ പോലുള്ള നേതാക്കൾ പ്രചരണത്തിന് പോയ സംസ്ഥാനങ്ങളിൽ സഖ്യ സ്ഥാനാർത്ഥികൾ തകർന്നടിഞ്ഞു.

ത്രിപുരയിലേത് പോലെ കോൺഗ്രസും സിപിഐഎമ്മും കേരളത്തിലും ഒന്നിക്കണം. എംവി ഗോവിന്ദൻ പറയുന്നത് തോറ്റെങ്കിലും സഖ്യം ശരിയായിരുന്നെന്നാണ്. അങ്ങനെയെങ്കിൽ കേരളത്തിലും സഖ്യം ഉടൻ വരുമെന്നുറപ്പാണ്. അതുതന്നെയാണ് ബിജെപിക്കും വേണ്ടത്. കേരളത്തിൽ മാത്രം എന്തിനാണ് സിപിഐഎമ്മും കോൺഗ്രസും ഒളിച്ചു കളിക്കുന്നതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

രാഹുൽ ഗാന്ധി 4,000 കിലോമീറ്റർ നടന്ന് ജോഡോ യാത്ര നടത്തിയത് വെറുതെയായി. കോൺഗ്രസ് രാജ്യത്ത് തകർന്നടിയുകയാണ്. മതന്യൂനപക്ഷങ്ങളും ബിജെപിക്കൊപ്പം നിൽക്കുന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ. ക്രൈസ്തവ സമൂഹം മോദിക്കും ബിജെപിക്കും പിന്നിൽ അണിനിരക്കുന്നതിന്റെ സൂചനയാണിത്.

നരേന്ദ്രമോദി സർക്കാർ എല്ലാ മേഖലകളിലും പാവങ്ങളെ സഹായിക്കുകയാണ്. യുപിഎ സർക്കാരിന്റെ കാലത്ത് എണ്ണ കമ്പനികൾക്ക് കൊടുക്കാനുള്ള കടം മോദി സർക്കാർ വീട്ടി കഴിഞ്ഞുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *