Saturday, October 19, 2024
Gulf

ദീര്‍ഘകാല തൊഴില്‍ കരാറുമായി സൗദി; തൊഴില്‍ നിയമത്തിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക ഭേദഗതി വരുത്തും

റിയാദ്: പത്ത് വര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല തൊഴില്‍ കരാര്‍ നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞ് സൗദി തൊഴില്‍ മന്ത്രാലയം. തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുന്നത് വഴിയുള്ള ദുരുപയോഗം തടയുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം. തൊഴില്‍ നിയമത്തിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക ഭേദഗതി വരുത്തി പദ്ധതി നടപ്പിലാക്കാനാണ് ആലോചനയെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ ഹാനി അല്‍മുഅജ്ജല്‍ പറഞ്ഞു.

തൊഴിലുടമയുമായി കരാര്‍ അവസാനിപ്പിച്ചാല്‍ പിന്നെ അദ്ദേഹവുമായി മത്സരിക്കുന്ന രീതിയില്‍ രണ്ട് വര്‍ഷം വരെ ജോലിയില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് നിലവിലെ എണ്‍പത്തിമൂന്നാം ഖണ്ഡിക. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. തൊഴിലാളിയുടെ മാറ്റത്തോടെ കമ്പനിയുടെ രഹസ്യങ്ങള്‍ ചോരുന്നതായും അത് സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്നതായും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റം കൊണ്ടു വരുന്നത്.

തൊഴിലാളിയുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്ന വിധത്തിലായിരിക്കും പത്ത് വര്‍ഷ കരാര്‍ നടപ്പിലാക്കുകയെന്നും തൊഴിലുടമ കരാര്‍ പാലിച്ചില്ലെങ്കില്‍ തൊഴിലാളിക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുവാദമുണ്ടാകുമെന്നും അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ തൊഴിലാളി കരാര്‍ പാലിക്കാതിരുന്നാല്‍ പിന്നീട് അതേ കമ്പനിയിലേക്ക് മാത്രമേ വരാന്‍ അനുവാദമുണ്ടാകുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published.