Thursday, January 23, 2025
Kerala

കാര്യവട്ടം ഏകദിനം: നികുതി നിരക്ക് കൂട്ടിയതല്ല, കുറച്ചതാണെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എം ബി രാജേഷ്. 24 ശതമാനം മുതല്‍ 50 ശതമാനം വരെ വാങ്ങാമായിരുന്ന വിനോദ നികുതി, 12 ശതമാനമായി കുറച്ചുനല്‍കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചര്‍ച്ച ചെയ്തതാണ് ഇക്കാര്യമെന്നും, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതി നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

കാര്യവട്ടത്ത് നടന്ന കഴിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വിനോദ നികുതി 24 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. ദീര്‍ഘകാലം സ്റ്റേഡിയത്തില്‍ മത്സരമുണ്ടായിരുന്നില്ല. സംഘാടകര്‍ക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്കരമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അന്ന് വലിയ തോതില്‍ ഇളവ് അനുവദിച്ചത്. സാഹചര്യം മാറിയതിനാല്‍, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നല്‍കേണ്ട സ്ഥിതിയില്ല. എങ്കിലും നിലവിലെ മത്സരത്തിനും 12 ശതമാനമായി വിനോദനികുതി ഇളവ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *