അരുണാചലിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ മലയാളി സൈനികനും
അരുണാചല്‍ പ്രദേശിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി അശോകന്റെ മകന്‍ കെ.വി അശ്വിന്‍ ആണ് മരിച്ചത്. 24 വയസായിരുന്നു. സൈനിക ഉദ്യോഗസ്ഥര്‍ വീട്ടില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
നാല് വര്‍ഷമായി അശ്വിന്‍ സൈനിക സേവനത്തിലായിരുന്നു. അശ്വിന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ഓണത്തിനാണ് അശ്വിന്‍ അവസാനമായി നാട്ടില്‍വന്നത്. ഞായറാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന.
മിഗ്ഗിംഗ് ഗ്രാമത്തിലാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മൂന്ന് ഏരിയല്‍ റെസ്‌ക്യൂ സംഘങ്ങള്‍ ചേര്‍ന്നാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. അഞ്ചുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഈ മാസം മാത്രം രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് അരുണാചല്‍ പ്രദേശിലുണ്ടാകുന്നത്.