Thursday, January 9, 2025
Kerala

നിയമസഭാ കൈയ്യാങ്കളി കേസ്; ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും

നിയമസഭാ കൈയ്യാങ്കളി കേസിൽ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും. കുറ്റപത്രം വായിച്ച് കേൾക്കുന്നതിനായാണ് ജയരാജൻ കോടതിയിൽ ഹാജരാകുന്നത്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത്.

കേസിൽ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ അഞ്ച് പ്രതികൾ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നേരത്തേ ഹാജരായിരുന്നു. എന്നാൽ പ്രതികൾ കോടതിയിൽ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അന്ന് കോടതിയിൽ ഹാജരായിരുന്നില്ല. അസുഖം കാരണം ഹാജരാകാനാവില്ലെന്ന് ജയരാജന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.

കേസ് റദ്ദാക്കണമെന്ന സർക്കാർ ഹർജിയും പ്രതികളുടെ വിടുതൽ ഹരജിയും മേൽക്കോടതികൾ തള്ളിയതോടെയാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. 2015 മാർച്ച് 13നായിരുന്നു കേസിന് ആസ്പദമായ സംഭവം. കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരായ ഇടതുപക്ഷ എം.എൽ.എമാരുടെ പ്രതിഷേധം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *