ശ്രീലങ്കയോ പാകിസ്താനോ?; ഏഷ്യാ കപ്പിൽ ഇന്ന് കലാശക്കൊട്ട്
ഏഷ്യാ കപ്പിൽ ഇന്ന് ഫൈനൽ. ശ്രീലങ്കയും പാകിസ്താനും തമ്മിൽ നടക്കുന്ന മത്സരം ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7.30ന് ആരംഭിക്കും. സൂപ്പർ ഫോറിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ശ്രീലങ്ക കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. അതേസമയം, പാകിസ്താനാവട്ടെ സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയോട് പരാജയപ്പെട്ടു. –
ക്രിക്കറ്റ് പണ്ഡിറ്റുകളുടെയൊക്കെ പ്രവചനം കാറ്റിൽ പറത്തിയാണ് ടൂർണമെൻ്റിൽ ശ്രീലങ്കയുടെ കുതിപ്പ്. എടുത്തുപറയാൻ ഒന്നോരണ്ടോ താരങ്ങൾ മാത്രമേ ഉള്ളെങ്കിലും ഒരു ടീം എന്ന നിലയിൽ വളരെ കെട്ടുറപ്പുള്ള പ്രകടനം കാഴ്ചവച്ച ശ്രീലങ്ക ഒറ്റക്കെട്ടായാണ് കളിച്ച് വിജയിച്ചത്. ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനു മുന്നിൽ തകർന്നടിഞ്ഞ ദാസുൻ ഷനകയും സംഘവും പിന്നീട് നടത്തിയത് അവിശ്വസനീയമായ ഉയർത്തെഴുന്നേല്പായിരുന്നു. ആദ്യ മത്സരത്തിനു ശേഷം ഇതുവരെ അവർ ഒരു മത്സരം പോലും തോറ്റിട്ടില്ല. വനിന്ദു ഹസരങ്ക, മഹേഷ് തീക്ഷണ എന്നിവരടങ്ങിയ സ്പിൻ ഡിപ്പാർട്ട്മെൻ്റ് ശ്രീലങ്കയുടെവലിയ കരുത്താണെങ്കിലും ഓരോരുത്തരും കൃത്യമായി അവരവരുടെ റോളുകൾ ചെയ്യുന്നുണ്ട്.
മറുവശത്ത് മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് നവാസ് എന്നിവരെ മാറ്റിനിർത്തിയാൽ ബാറ്റിംഗിൽ വിശ്വസിക്കാവുന്ന ഒരു താരം പാകിസ്താനില്ല. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് ശക്തമാണ്. ഷദബ് ഖാൻ്റെ റോൾ ഇന്നത്തെ കളിയിൽ നിർണായകമായേക്കും.
ടോസ് നിർണായകമാവുന്ന കളിയിൽ ആദ്യം ഫീൽഡ് ചെയ്യുകയാണ് ടീമുകളുടെ രീതി. ദുബായ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കമുണ്ട്. അവസാനം കളിച്ച 30 ടി-20കളിൽ 26ലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ഇവിടെ വിജയിച്ചത്. ഇക്കൊല്ലത്തെ ഏഷ്യാ കപ്പിൽ ആകെ ദുബായിൽ 8 മത്സരങ്ങൾ കളിച്ചു. ഇതിൽ ഇന്ത്യ ഹോങ്കോങിനും അഫ്ഗാനിസ്ഥാനുമെതിരെ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ വിജയിച്ചു. ബാക്കി 6 മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്.