Thursday, January 9, 2025
Kerala

സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പാക്കുന്നു; വി.ഡി സതീശന്‍

സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്. ഗവര്‍ണറും സര്‍ക്കാരും ഒരുപാട് പ്രാവശ്യം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് അവര്‍ തന്നെ സെറ്റില്‍മെന്റ് നടത്തും. കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യത്തില്‍ നിലവിലുള്ള നിയമമനുസരിച്ച് വൈസ് ചാന്‍സിലറെ നിയമിക്കാന്‍ പോകുമ്പോള്‍ തങ്ങളെന്തിനാണ് തെറ്റ് പറയുന്നത് എന്ന് വി ഡി സതീശന്‍ ചോദിച്ചു.

സിലബസില്‍ വിഡി സവര്‍ക്കറുടെ, ഗോള്‍വാള്‍ക്കറുടെ, ദീന്‍ ദയാല്‍ ഉപാധ്യായയുടെ ഒക്കെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് ഈ സര്‍ക്കാര്‍ നിയമിച്ച വി സി തന്നയല്ലേ. സംഘപരിവാറിന്റെ അജണ്ട കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഇപ്പോഴത്തെ സര്‍ക്കാരാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ലോകായുക്ത വിഷയത്തിലും വി ഡി സതീശന്‍ പ്രതികരിച്ചു. ലോകായുക്ത നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. വിധി പ്രസ്താവിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരം എക്‌സിക്യൂട്ടീവ് കവര്‍ന്നെടുക്കുന്നതിന് തുല്യമായ ഭേദഗതിയാണിത്. ഒരാളും സ്വന്തം കേസില്‍ വിധികര്‍ത്താവാകരുതെന്ന നിയമ തത്വത്തിന് വിരുദ്ധവുമാണ്. അഴിമതി തടയാനാണ് ലോകായുക്ത സ്ഥാപിച്ചത്. അല്ലാതെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഷെല്‍ഫില്‍ വയ്ക്കാനല്ല.

ലോകായുക്തയ്ക്കും ഉപലോകായുക്തക്കും സിവില്‍ കോടതികളുടെ അധികാരം ഉണ്ടെന്നും കേസുകളില്‍ ജുഡീഷ്യല്‍ അധികാരത്തോടെ നടപടിയെടുക്കാമെന്നും നിയമത്തില്‍ പറയുന്നുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *