കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമില്ല; ഉത്തരവിറക്കി കർണാടക
കേരളത്തിൽ നിന്ന് വരുന്നവർക്ക് കർണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗനിർദേശം പുതുക്കി കർണാടക സർക്കാർ. ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമില്ല. പക്ഷേ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിലവിൽ കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഇനി ആർടിപിസിആർ പരിശോധന ഫലം ആവശ്യമില്ലെന്ന് കർണാടക സർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കി.
അതേസമയം രണ്ട് വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് യാത്രക്കാർക്ക് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപന പശ്ചാത്തലത്തിലാണ് കേരളത്തിൽ നിന്നുള്ള സന്ദർശകർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമാക്കിയത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ചേർന്ന യോഗത്തിന് ശേഷമാണ് കേരളം, ഗോവ എന്നിവിടങ്ങളിലുള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണമെന്നും ഉത്തരവുണ്ടായിരുന്നു. കൊവിഡ് ബാധിച്ച് പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണമെന്നും ഉത്തരവുണ്ടായിരുന്നു.