ബവുമക്കും വാൻഡർ ഡസനും സെഞ്ച്വറി; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്‌കോർ
ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോർ. നിശ്ചിത അമ്പത് ഓവറിൽ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. സെഞ്ച്വറി നേടിയ നായകൻ ടെമ്പ ബവുമ, റാസി വാൻ ഡർ ഡസൻ എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക് എത്തിയത്
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ 19ൽ അവർക്ക് ഓപണർ മലാനെ നഷ്ടപ്പെട്ടു. 58ൽ 27 റൺസെടുത്ത ക്വിന്റൺ ഡി കോക്കിനെയും സ്‌കോർ 68ൽ നാല് റൺസെടുത്ത എയ്ഡൻ മർക്രാമിനെയും നഷ്ടമായതോടെ ദക്ഷിണാഫ്രിക്ക തകർച്ചയിലേക്കെന്ന് തോന്നിപ്പിച്ചു. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച ബവുമയും വാൻ ഡർ ഡസനും ചേർന്ന് സ്‌കോർ 272ൽ എത്തിച്ച ശേഷമാണ് പിരിഞ്ഞത്.
ഇരുവരും ചേർന്ന് 204 റൺസാണ് കൂട്ടിച്ചേർത്തത്. 49ാം ഓവറിലാണ് ബവുമ പുറത്തായത്. 143 പന്തിൽ എട്ട് ഫോറുകൾ സഹിതം 110 റൺസാണ് നായകനെടുത്തത്. അതേസമയം മറുവശത്ത് സ്‌കോറിംഗിന് വേഗത നൽകുന്ന ചുമതലയാണ് വാൻഡർ ഡസൻ ഏറ്റെടുത്തത്. ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ രണ്ട് റൺസുമായി മില്ലറും 129 റൺസുമായി വാൻഡർ ഡസനും പുറത്താകാതെ നിന്നു. ഒമ്പത് ഫോറും നാല് സിക്‌സും സഹിതം 96 പന്തിലാണ് അദ്ദേഹം 128 റൺസെടുത്തത്.
ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര രണ്ടും അശ്വിൻ ഒരു വിക്കറ്റുമെടുത്തു. ഭുവനേശ്വർ കുമാർ, ഷാർദൂൽ താക്കൂർ, ചാഹൽ എന്നിവർ തീർത്തും നിരാശപ്പെടുത്തി.