വെള്ളപ്പൊക്കം; കുവൈത്തിൽ 106 പേരെ അഗ്നിശമന സേന രക്ഷിച്ചു
കുവൈത്തിൽ തിമിർത്തുപെയ്ത മഴ റോഡുകളിൽ വെള്ളക്കെട്ടുണ്ടാക്കി. നിർത്തിയിട്ടതും നിരത്തിലിറങ്ങിയതുമായ നിരവധി വാഹനങ്ങൾ മുങ്ങി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ശക്തമായ മഴയുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ 106 പേരെ അഗ്നിശമന വിഭാം രക്ഷിച്ചു. കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെപ്രവചനം ശരിവെച്ചാണ് ഞയറാഴ്ച രാവിലെ മുതൽ ശക്തമായ മഴയുണ്ടായത്.
അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കടലിൽ പോകരുതെന്നും റോഡ് ഗതാഗതത്തിൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. അഹ്മദി ഭാഗത്താണ് ഏറ്റവും കനത്തുപെയ്തത്. ജലീബ് അൽ ശുയൂഖ്, ഫർവാനിയ, ഖൈത്താൻ, കുവൈത്ത് സിറ്റി, ഫഹാഹീൽ, മംഗഫ്, സാൽമിയ, സൽവ, സീസൈഡ്, ഫിൻതാസ് തുടങ്ങി ഏതാണ്ടെല്ലാ ഭാഗങ്ങളിലും മഴയുണ്ടായി. അഗ്നിശമന വകുപ്പ് ഏറെ ശ്രമകരമായാണ് റോഡുകളിൽനിന്ന് വെള്ളം നീക്കിയത്.