മുഖ്യമന്ത്രിയുടെ വിരട്ടൽ കണക്കാക്കുന്നില്ല; കടകൾ നാളെ മുതൽ തുറക്കുമെന്ന് ടി നസറുദ്ദീൻ
നാളെ മുതൽ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ. മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോട് വേണ്ട. കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസറുദ്ദീൻ പറഞ്ഞു. ഇന്ന് വൈകുന്നേരം മൂന്നരയ്ക്ക് മുഖ്യമന്ത്രിയുമായി നടക്കാനിരിക്കുന്ന ചർച്ചയ്ക്ക് മുമ്പേയാണ് നസറുദ്ദീൻ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക് ഡൗൺ ആണ്. ഇത് കാര്യമാക്കാതെ കടകൾ തുറന്ന് പ്രവർത്തിക്കും. എല്ലാ ദിവസവും കടകൾ തുറക്കാനുള്ള അനുമതി ഇന്ന് തന്നെ നൽകണം. അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കില്ലെന്നും നസറുദ്ദീൻ പറഞ്ഞു
പ്രാദേശികമായി ടിപിആർ നോക്കി നടപ്പാക്കുന്ന നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ ടിപിആർ പത്തിൽ താഴേക്ക് എത്താത്ത സാഹചര്യത്തിൽ ഇവരുടെ നിലപാടിനോട് സർക്കാർ അനുകൂലമായി പ്രതികരിക്കാൻ സാധ്യത കുറവാണ്.