ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു; പെരുമ്പാവൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ ചിത്രത്തിന് ഒപ്പം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള അടിക്കുറിപ്പും ഇയാള്‍ എഴുതിയിരുന്നു. ഇയാള്‍ക്കെതിരെ 153, പോക്‌സോ ആക്ട് എന്നിവ ചുമതിയാണ് കേസ് എടുത്തത്.
കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കൊപ്പം പ്രതിയ്‌ക്കെതിരെ ശരിഅത്തിലെ നിയമ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ് അഷ്‌റഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തിന് മുന്‍പ് പ്രതി കുട്ടിയെ മദ്യം കുടിപ്പിച്ചിരുന്നതായി പൊലീസ് പരിശോധനയില്‍ കണ്ടെത്തി. എറണാകുളം പോക്‌സോ കോടതിയിലാണ് 800 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത് പത്തിലധികം വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആലുവ തായിക്കാട്ടുകരയില്‍ എട്ടുവര്‍ഷമായി താമസിക്കുന്ന ബിഹാറി ദമ്പതികളുടെ നാലുമക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കുട്ടിയെ കാണാനില്ലെന്ന് അമ്മ ആലുവ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി അസഫാക് പിടിയിലാകുന്നത്.