ഇന്ത്യൻ ശാസ്ത്ര സമൂഹത്തിന്റെ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെ ഫലം, അഭിനന്ദനങ്ങളുമായി രാഹുൽ ഗാന്ധി
ദില്ലി : ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയർത്തി ചന്ദ്രയാൻ മൂന്ന് ദൗത്യം പൂർണ്ണ വിജയം. ഐഎസ്ആർഒ പ്രതീക്ഷിച്ച കൃത്യ സമയത്ത് ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. അഭിമാന നിമിഷത്തിൽ ഇസ്രോയ്ക്ക് അഭിനന്ദന പ്രവാഹമാണ്.
ഇന്ത്യൻ ശാസ്ത്ര സമൂഹത്തിന്റെ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ‘ഇസ്രോ ടീമിന് അഭിനന്ദനങ്ങൾ. ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് ഇന്ത്യയുടെ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്’. 1962 മുതൽ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി പുതിയ ഉയരങ്ങൾ താണ്ടുകയും യുവ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുകയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം.