വ്യാജരേഖകേസില്‍ കെ.വിദ്യ ജൂലൈ 6വരെ റിമാന്‍ഡില്‍,രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍,ജാമ്യാപേക്ഷ 24 ന് പരിഗണിക്കും
പാലക്കാട്: വ്യാജരേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ഗസ്റ്റ് ലക്ചററായി നിമനം നേടാന്‍ ശ്രമിച്ചെന്ന കേസില്‍ കെ വിദ്യയെ ജൂലൈ 6വരെ റിമാന്‍ഡ് ചെയ്തു. അഗളി പൊലീസ് രജീസ്റ്റര്‍ ചെയ്ത കേസില്‍ മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതിയാണ് വിദ്യയെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിലും വിട്ടത്. ജാമ്യാപേക്ഷ 24ന് പരിഗണിക്കും.അന്വേഷണവുമായി സഹകരിക്കാൻ വിദ്യ തയ്യാറായില്ലെന്ന് പ്രോസീക്യൂഷൻ കോടതിയില്‍ വ്യക്തമാക്കി.എന്നാല്‍ ഒളിവിൽ പോയില്ലെന്നു പ്രതിഭാഗം വാദിച്ചു.സുഹൃത്തിന്റെ വീട്ടിൽ ഉണ്ടായിരുന്നു.പോലീസ് കണ്ടെത്തണമായിരുന്നു.നോട്ടീസ് നൽകിയാൽ ഹാജരാകുമായിരുന്നു.മാധ്യമങ്ങളുടെ താല്പര്യത്തിനു വേണ്ടിയാണു പോലീസ് പ്രവർത്തിക്കുന്നത്.തീവ്രവാദ കേസുകൾ കൈകാര്യം ചെയ്യും പോലെയാണ് പോലീസ് നടപടി.മീഡിയയെ തൃപ്തിപ്പെടുത്താനാണ് പോലീസ് ഇങ്ങനെ ഒക്കെ ചെയ്തത്.കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിർത്തു. ഒറിജിനൽ രേഖകൾ കണ്ടെത്താനാണ് കസ്റ്റഡി ആവശ്യം എന്ന് പ്രോസിക്യൂഷൻ വാദിച്ചു.ഈ ആവശ്യം അംഗീകരിച്ചാണ് രണ്ട് ദിവസത്തേക്ക് വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
സുപ്രീം കോടതി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പോലീസ് മാധ്യമങ്ങൾക്ക് വേണ്ടി തുള്ളിയെന്ന് വിദ്യയുടെ അഭിഭാഷകന് ആരോപിച്ചു.ഹൈക്കോടതി ഈ കേസിൽ എന്ത് നിലപാട് എടുക്കും എന്നതിന് പോലും പോലീസ് കാത്തിരുന്നില്ല.7വർഷം പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഒളിവിൽ പോയിട്ടില്ല.സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നു.പോലീസ് വിദ്യക്ക് നോട്ടീസ് നൽകിയിട്ടില്ല.ഡോക്യുമെന്റ്സ് ഹാജരാക്കാൻ വേണ്ടി ആണ് ഹൈക്കോടതി കേസ് മാറ്റിവെച്ചത്.ഈ കാര്യങ്ങൾ എല്ലാം കോടതിയെ ബോധ്യപ്പെടുത്തും.വിദ്യയെ വേട്ടയാടിയത് മുൻ എസ്എഫ്ഐക്കാരി ആയത് കൊണ്ടാണെന്നും വിദ്യയുടെ അഭിഭാഷകന് കുറ്റപ്പെടുത്തി.