ആലപ്പുഴ എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി കേസ്; പഠിപ്പ് മുടക്കി പ്രതിഷേധിക്കാന്‍ കെഎസ്‌യു
ആലപ്പുഴയിലെ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും. വിഷയത്തില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് ആലപ്പുഴ എസ്പി ഓഫീസിലേക്ക് കെഎസ്‌യു മാര്‍ച്ച് നടത്തും.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി എംഎസ്എം കോളേജ് പ്രിന്‍സിപ്പലിനെ പൊലീസ് ഇന്നലെ കണ്ടിരുന്നു. വ്യാജ ഡിഗ്രി ചമച്ച കേസില്‍ വഞ്ചനക്ക് ഇരയായ കോളജ് പരാതി നല്‍കിയാലെ കേസെടുക്കാനാകൂ എന്നാണു പൊലീസ് നിലപാട്. എന്നാല്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. നിലവില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മാഹിനും പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്. നിഖില്‍ തോമസിനും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടു എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
വിവാദത്തില്‍ ആരോപണം നേരിടുന്ന നിഖില്‍ തോമസിനെ ഇന്നലെ എംഎസ്എം കോളജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെടുമെന്നും കോളജിന് ഒന്നും മറച്ചുവക്കാനും ആരെയും സംരക്ഷിക്കാനുമില്ലെന്നും പ്രിന്‍സിപ്പാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിവാദത്തില്‍ എസ്എഫ്ഐ വാദങ്ങള്‍ പൊളിയുകയാണ്. നിഖില്‍ തോമസ് കലിംഗ യൂണിവേഴ്സിറ്റിയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകാലാശാല രജിസ്ട്രാര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സര്‍വ്വകാലാശാലയും സ്ഥിരീകരിച്ചു. നിഖിലിനും എംഎസ്എം കോളേജിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള സര്‍വ്വകലാശാല വിസി ഡോ. മേഹനനന്‍ കുന്നുമ്മല്‍ പറഞ്ഞു.
എംഎസ്എം കോളേജില്‍ എംകോം അഡ്മിഷന്‍ നേടിയ നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒര്‍ജിനലെന്നും, കലിംഗ, കേരള സര്‍വ്വകലാശാലകളില്‍ പഠിച്ചത് വ്യത്യസ്ത സമയങ്ങളിലെന്നുമായിരുന്നു എസ്എഫ്ഐ വാദം. എന്നാല്‍ നിഖില്‍ കലിംഗയില്‍ പഠിച്ചിട്ടുതന്നെയില്ലെന്നാണ് യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ പ്രതികരണം.