‘ഓപ്പറേഷൻ കാവേരി’; ഇന്ത്യയുടെ സുഡാൻ രക്ഷാദൗത്യം ആരംഭിച്ചു
ഇന്ത്യയുടെ സുഡാൻ രക്ഷാദൗത്യം ആരംഭിച്ചു. ‘ഓപ്പറേഷൻ കാവേരി’യെന്നാണ് ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്. കടൽ മാർഗം വഴിയാണ് ആദ്യഘട്ട രക്ഷാദൗത്യം. ദൗത്യത്തിന്റെ ഭാഗമായി 500 ഇന്ത്യക്കാർ ഇതിനോടകം പോർട്ട് സുഡാനിലെത്തിച്ചിട്ടുണ്ട്.
‘സുഡാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നതിനായാണ് ഓപറേഷൻ കാവേരി രൂപീകരിച്ചിരിക്കുന്നത്. ഇതിനായി കപ്പലുകളും എയർക്രാഫ്റ്റുകളും സജ്ജമാണ്.’- വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുറിച്ചു.
സംഘർഷം നടക്കുന്ന സുഡാനിലെ രക്ഷാപ്രവർത്തനത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മികച്ചുനിൽക്കുന്നുവെന്ന് വ്ളോഗർ മാഹീൻ ഇന്നലെ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. ഒപ്പമുള്ള സ്വിസ് പൗരന് സ്വിറ്റ്സർലൻഡ് പരിഗണന നൽകുന്നില്ലെന്നും സ്വന്തം നിലയിൽ രക്ഷപ്പെടാനാണ് നിർദേശം നൽകിയതെന്നും മാഹീൻ പ്രതികരിച്ചു.
ഏപ്രിൽ 15നാണ് സുഡാനിലെ തലസ്ഥാനമായ ഖർതൂമിലും സമീപ പ്രദേശങ്ങളിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.