Thursday, January 9, 2025
Kerala

യുവതിയ്‌ക്കെതിരെ വ്യാജ പോക്‌സോ കേസ് കൊടുക്കാന്‍ പതിനേഴുകാരന് 12 മണിക്കൂര്‍ ക്രൂരമര്‍ദനം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുട്ടി

വ്യാജ പോക്‌സോ പരാതി നല്‍കണമെന്നാവശ്യപ്പെട്ട് പതിനേഴ് വയസുകാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദനം. വരന്തരപ്പിള്ളി തേനന്തറ സ്വദേശി നിരഞ്ജനാണ് മര്‍ദനമേറ്റത്. അപരിചിതയായ സ്ത്രീക്കെതിരെ പോക്‌സോ കേസ് നല്‍കണമെന്നാവശ്യപ്പെട്ടാണ് മര്‍ദനം.

തനിക്ക് ഇന്നുവരെ പരിചയമില്ലാത്ത ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് അവര്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് പറഞ്ഞ് 12 മണിക്കൂറോളം മര്‍ദിച്ചെന്നാണ് കുട്ടിയുടെ പരാതി. ബിയര്‍ കുപ്പി കൊണ്ട് അടിയ്ക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിച്ചെന്നും കണ്ണില്‍ കുത്തിയെന്നും കുട്ടി പറഞ്ഞു.

സുഹൃത്തുക്കളെ ഉപയോഗിച്ച് തന്നെ ഇന്നലെ ഗുണ്ടാസംഘത്തിന്റെ അടുത്ത് എത്തിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു. സുഹൃത്തുക്കള്‍ക്കെല്ലാം 18 വയസ് പൂര്‍ത്തിയായിരുന്നു. തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാലാണ് കേസ് കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്നും കുട്ടി വെളിപ്പെടുത്തി.

ഇന്നലെ രാവിലെ 8 മുതല്‍ രാത്രി എട്ട് മണി വരെ തുടര്‍ച്ചയായി തന്നെ ആക്രമിച്ചുവെന്നാണ് കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. തന്നെ നിര്‍ബന്ധിച്ച് ലഹരി ഉപയോഗിപ്പിച്ചു. ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറിലേക്ക് നിര്‍ബന്ധിച്ച് പരാതി കൊടുപ്പിച്ചു.തലയ്ക്ക് പിന്നില്‍ ബിയര്‍ കുപ്പി കൊണ്ട് അടിക്കാന്‍ ഓങ്ങിയാണ് ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിപ്പിച്ചതെന്നും നിരഞ്ജന്‍ കൂട്ടിച്ചേര്‍ത്തു. നിരഞ്ജന്റ ശരീരമാസകലം അടിയേറ്റ പാടുകളുണ്ട്. പുറത്ത് പറഞ്ഞാല്‍ തന്നെയും അമ്മയെയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *