ശമ്പളം നല്‍കിയില്ല; ജ്വല്ലറി ഉടമയെ മര്‍ദിച്ച് തൊഴിലാളികള്‍; ജ്വല്ലറിയിലെ മുറിയ്ക്ക് തീയിട്ടു; ആഭരണങ്ങളും മോഷ്ടിച്ചു
തമിഴ്നാട് ചെന്നൈയില്‍ ശമ്പളം നല്‍കാത്ത ജ്വല്ലറി ഉടമയെ രണ്ട് തൊഴിലാളികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. രാസപ്പ സ്ട്രീറ്റിലെ സലാഹുദ്ദീനാണ് മര്‍ദനമേറ്റത്. ജുവല്ലറിയില്‍ നിന്നും 400 ഗ്രാം സ്വര്‍ണവും ഇവര്‍ മോഷ്ടിച്ചു. സംഭവത്തില്‍ ഒരാളെ പൊലിസ് അറസ്റ്റു ചെയ്തു.
പശ്ചിമബംഗാള്‍ സ്വദേശികളായ സുജനും സുജന്തും കഴിഞ്ഞ ഒരു വര്‍ഷമായി സലാഹുദ്ദിന്റെ ജുവല്ലറിയിലെ ജീവനക്കാരാണ്. കുറച്ച് മാസങ്ങളായി ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. പല തവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കാത്ത സാഹചര്യത്തിലാണ് ഇന്നലെ രാത്രി, ജുവല്ലറിയിലെ സലാഹുദ്ദീന്റെ മുറിയിലെത്തി ഇരുവരും ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിനു ശേഷം, മുറിയ്ക്ക് തീയിട്ട് 400 ഗ്രാം സ്വര്‍ണവും അപഹരിച്ച് കടന്നു കളഞ്ഞു.
ബഹളം കേട്ട സമീപവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എലഫന്റ് ഗേറ്റ് പൊലിസെത്തിയാണ് സലാഹുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീ കാര്യമായി പടരാത്തതിനാല്‍ നാശനഷ്ടങ്ങളോ ആളപയാമോ ഉണ്ടായില്ല. രണ്ടു പേര്‍ക്കും കൂടി 96,000 രൂപ നല്‍കാനുണ്ടായിരുന്നുവെന്ന് സലാഹുദ്ദീന് പൊലിസിനോടു പറഞ്ഞു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ വേഗത്തില്‍ തന്നെ രണ്ടു പ്രതികളെയും പിടികൂടി. ശമ്പളം നല്‍കാത്ത ദേഷ്യത്തിലാണ് ഇതു ചെയ്തതെന്ന് ഇവര്‍ പൊലിസിനോടു സമ്മതിച്ചു. 400 ഗ്രാം സ്വര്‍ണവും ഇവരില്‍ നിന്നു കണ്ടെത്തി. പ്രതികളെ റിമാന്‍ഡു ചെയ്ത്, പുഴല്‍ ജയിലിലേയ്ക്ക് മാറ്റി.