Thursday, January 9, 2025
National

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കർശനനിർദേശവുമായി ഐ.സി.എം.ആർ

രാജ്യത്ത് കോവിഡ് വർദ്ധിച്ചുവരികയാണ്. നിലവിലെ സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും കർശനനിർദേശവുമായി ഐ.സി.എം.ആർ. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ.സി.എം.ആർ പുറത്തുവിട്ടിട്ടുണ്ട്.

പ്രത്യേക ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും ഐ.സി.എം.ആർ മുന്നോട്ടുവെച്ചു. മറ്റെന്തെങ്കിലും വൈറൽബാധയുള്ള രോഗികളിൽ കോവിഡ് ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. അഞ്ചുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി, ചുമ, ശ്വാസംമുട്ട് എന്നിവ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള മറ്റുമാർഗനിർദേശങ്ങൾ കർശനമായി പാലിക്കുക.

രാജ്യത്ത് കഴിഞ്ഞ ആഴ്ച മുതൽ കൊവിഡിൽ വർദ്ധനവ് രേഖപെടുത്തിയിട്ടുണ്ട്. കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ നിരീക്ഷണവും ജാഗ്രതയും ശകതമാക്കണമെന്ന് ആരോഗ്യമന്ത്രാലയം കത്തെഴുതിയിരുന്നു.

ലോപിനാവിർ-റിറ്റോണാവിർ, ഹൈഡ്രോക്സിക്ലോറോക്വിൻ, ഐവർമെക്റ്റിൻ, കോൺവാലെസെന്റ് പ്ലാസ്മ, മോൾനുപിരാവിർ, ഫാവിപിരാവിർ, അസിത്രോമൈസിൻ, ഡോക്സിസൈക്ലിൻ എന്നിവയാണ് വിലക്കേർപ്പെടുത്തിയ ആന്റിബയോട്ടിക്കുകൾ.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നേരത്തേ സമാന നിർദേശം നൽകിയിരുന്നു. പനിക്കും മറ്റു വൈറൽ രോ​ഗങ്ങൾക്കും ആന്റിബയോട്ടിക് നിർദേശിക്കുന്ന രീതി ഒഴിവാക്കണമെന്നും അത്തരം രോ​ഗങ്ങൾക്ക് ലക്ഷണാനുസൃത ചികിത്സയാണ് നൽകേണ്ടതെന്നുമാണ് ഐ.എം.എ. വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *